മനുഷ്യന് മറ്റു മനുഷ്യനില്‍ നിന്നും ജീവജാലങ്ങളില്‍ നിന്നും പ്രകൃതിയില്‍ നിന്നും വിട്ടുനിന്നുകൊണ്ട് തനതായ നിലനില്‍പ്പില്ല. വായുവും, ജലവും, മണ്ണും മറ്റു ജീവജാലങ്ങളും മനുഷ്യന്റെ ജീവന് ആധാരമായിരിക്കുന്നതിനാല്‍ അവയെ കൂടി സ്നേഹിക്കാതെ അഥവാ അനുഭവിക്കാതെ മനുഷ്യന് നില നിൽക്കുവാൻ കഴിയുന്നതല്ല. എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടും കടപ്പെട്ടും നില്‍ക്കുന്നു. അങ്ങനെ ജീവന്റെ നിലനില്‍പ്പിന് ആവശ്യമായി കടപ്പെടുന്നതിന്റെ ഉടമ താന്‍ അല്ലാത്തതിനാല്‍ പരസ്പരം കൂടിച്ചേരലിലൂടെ മറ്റ് ആത്മാക്കള്‍ക്ക് കടപ്പെടുകയാണ്. കടപ്പെടുന്ന ആത്മാക്കള്‍ കടപ്പെടുന്ന ശരീരത്തില്‍ അവകാശമെടുക്കുന്നു. പിന്നീട് ഈ വ്യക്തിയുടെ ചിന്തകളും, ആഗ്രഹങ്ങളും, പ്രവര്‍ത്തികളും, അനുഭവങ്ങളും എല്ലാം ഈ ആത്മാവിന്റെ സ്വഭാവം അനുസരിച്ചായിരിക്കും. അതുകൊണ്ടാണ് വി:പൗലോസ് അപ്പൊസ്തലന്‍ റോമര്‍ക്ക് എഴുതിയ ലേഖനം 7-ാം അദ്ധ്യായം 14 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നത്.
"ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിനു ദാസനായി വില്‍ക്കപ്പെട്ടവന്‍തന്നെ. ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല. ഞാന്‍ ഇച്ഛിക്കുന്നതിനെയല്ല, പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. എന്നില്‍ എന്നുവച്ചാല്‍ എന്‍ന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു. നന്മ ചെയ്‍വാനുള്ള താല്‍പര്യം എനിക്കുണ്ട്; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ."
ആഗ്രഹങ്ങളും മോഹങ്ങളും ഉള്ളതാണ് ഒരു ശരീരത്തിന്‍റെ യോഗ്യത. മറിച്ച് ആഗ്രഹങ്ങളും മോഹങ്ങളും നഷ്ടപ്പെട്ട ശരീരങ്ങള്‍ ഭയത്തിനും വിഷാദത്തിനും അടിമപ്പെടുകയാണ്. അവരില്‍ ജീവന്റെ അളവ് കുറവാണ്. എന്നാൽ ജീവന്റെ അളവ് പൂര്‍ണ്ണപ്പെട്ടിരിക്കുന്ന മനുഷ്യരില്‍ ആഗ്രഹങ്ങളും അഭിരുചികളും സഹജീവികളോടുള്ള സ്നേഹവും പ്രതിബദ്ധതയും ഉണ്ടായിരിക്കും.
ഇങ്ങനെയുള്ളവര്‍ മറ്റുള്ളവരെ മോഹിക്കുകയും മറ്റുള്ളവര്‍ ഇവരെ മോഹിക്കുകയും ചെയ്യുന്നതാണ് ജീവനുള്ള ശരീരത്തിന്‍ന്റെ സ്വഭാവമെങ്കില്‍ മനുഷ്യന് സ്വതവേ പാപം ഒഴിയാന്‍ സാധിക്കുകയില്ല.
ശരീരം സ്വതവേ പാപം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നില്ല. മോഹമുള്ള ജീവജാലങ്ങളില്‍ പരസ്പരം ബന്ധപ്പെട്ടും കടപ്പെട്ടും ജീവിക്കുന്ന ഏതൊരു ജീവിയും പാപത്തില്‍ ആണ്. ബൈബിള്‍ പറയുന്നു. നീതിമാന്‍ ആരുമില്ല, ഒരുത്തന്‍ പോലുമില്ല ദൈവം മാത്രം നീതിമാന്‍.
താന്‍ ജീവിച്ചു നില്‍ക്കുന്നത് ദൈവത്തിന്റെ സൃഷ്ടിയായ മറ്റു ജീവജാലങ്ങള്‍ കൊണ്ടാണ് എന്ന് അംഗീകരിച്ചു നില്‍ക്കുന്ന വ്യക്തി കൃപയാല്‍ ആണ് ജീവിച്ചു നില്‍ക്കുന്നത്. കൃപയാല്‍ ജീവിച്ചു നില്‍ക്കുന്ന ഒരു വ്യക്തിക്ക് പാപം എന്ന ഒന്നില്ല. തനിക്ക് സ്വയമായ അസ്തിത്വം ഇല്ല എന്നും തന്റെ സൃഷ്ടിക്കും നിലനില്‍പ്പിനും കാരണമായതിന്റെയെല്ലാം ഉടമ ദൈവമാണെന്ന് ബോധ്യപ്പെടുന്ന വ്യക്തി താന്‍ മറ്റ് ആത്മാക്കള്‍ക്ക് കടപ്പെടുന്നുണ്ടെങ്കിലും അവരുടെയും കൂടി ജീവനു കാരണമായ ദൈവാത്മാവിനാണ് കടപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ദൈവത്തെ അംഗീകരിച്ച് ദൈവത്തിന് മഹത്വം കൊടുത്തു നില്‍ക്കുന്നവര്‍ക്ക് മാത്രമേ സ്നേഹത്തെ അനുഭവിച്ചും സ്നേഹത്തെ വെളിപ്പെടുത്തിയും പൂര്‍ണ്ണ മനുഷ്യരായി തീരാന്‍ കഴിയൂ.
എന്നാല്‍ താന്‍ ആയിരിക്കുന്നത് ദൈവകൃപയാല്‍ ആണെന്ന് അംഗീകരിക്കാതെ, തന്നില്‍ തന്നെ ആശ്രയിച്ച്, സ്വയം മഹത്വം എടുത്ത് മറ്റുള്ളവരോട് അവകാശവാദം ഉന്നയിച്ച് തന്നില്‍ തന്നെ നീതീകരണം അന്വേഷിക്കുന്നവര്‍ ദൈവനീതി പ്രകാരം പാപത്തിന് അനുഭവിക്കേണ്ട ശിക്ഷ സ്വയം അനുഭവിക്കുകയും അത് തന്നെത്തന്നെ ബാധിക്കുകയും തന്റെ ജീവന്റെ അളവ് കുറഞ്ഞു പോകുകയും കടുത്ത പാപഭാരത്തിലും ഭയത്തിലും അടിമപ്പെട്ട് മറ്റു സഹജീവികളോട് ശത്രുതയില്‍ ആയി തീരുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ മറ്റുള്ളവരോട് ശത്രുത വയ്ക്കുകയും, ഇവരോട് മറ്റുള്ളവര്‍ ശത്രുത വയ്ക്കുകയും ചെയ്ത് സകല പാപത്തിന്റെ ശിക്ഷയ്ക്കും ഓഹരിക്കാരായി തീര്‍ന്ന് കടുത്ത ദുഃഖത്തിലും പ്രതിസന്ധിയിലും എത്തിച്ചേരുന്നു. ഇവരില്‍ ഇരിക്കുന്ന ആത്മാവിന് യാതൊരു വിധ അറിവും ഇല്ല എന്നു മാത്രമല്ല സ്വയം മനസ്സിലാക്കി വച്ചിരിക്കുന്ന വിഷയത്തില്‍ തര്‍ക്കിച്ച് തുടരും. ഇത് അവരുടെ ജീവനുവേണ്ടി സ്വയം ബലിയായി അവരില്‍ ബാധിച്ചിരിക്കുന്ന ആത്മാവിന്റെ സ്വഭാവമാണ്.
യോഹന്നാന്റെ സുവിശേഷം 8-ാം അദ്ധ്യായം 42 മുതല്‍ 45 വരെയുള്ള വാക്യങ്ങളില്‍ യേശു ഇങ്ങനെ പറയുന്നു.
"ദൈവം നിങ്ങളുടെ പിതാവ് എങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍ നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല അവന്‍ എന്നെ അയച്ചതാകുന്നു. എന്റെ ഭാഷണം നിങ്ങള്‍ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേള്‍പ്പാന്‍ നിങ്ങള്‍ക്കു മനസ്സില്ലായ്ക കൊണ്ടത്രേ. നിങ്ങള്‍ പിശാചെന്ന പിതാവിന്റെ മക്കള്‍ നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദി മുതല്‍ കൊലപാതകന്‍ ആയിരുന്നു. അവനില്‍ സത്യം ഇല്ലായ്മകൊണ്ട് സത്യത്തില്‍ നില്ക്കുന്നതുമില്ല. അവന്‍ ഭോഷ്ക് പറയുമ്പോള്‍ സ്വന്തത്തില്‍ നിന്ന് എടുത്തു പറയുന്നു. അവന്‍ ഭോഷ്ക് പറയുന്നവനും, അതിന്റെ അപ്പനും ആകുന്നു. ഞാനോ സത്യം പറയുന്നതു കൊണ്ടു നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല."
ഇങ്ങനെയുള്ള വ്യക്തികള്‍ ഭോഷ്കാണ്. അവര്‍ ഭോഷ്ക് പറയുമ്പോള്‍ സ്വന്തത്തില്‍ നിന്ന് എടുത്തു പറയുന്നു എന്ന് പറയുന്നത് അവരില്‍ വസിക്കുന്ന ആത്മാവിന്റെ ഭോഷ്കാണ്. അവര്‍ക്ക് മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും ഓരോ സൃഷ്ടിയുടെയും പുറകില്‍ നീതി നിവര്‍ത്തീകരണത്തിനായി കൊടുക്കുന്ന മറുവിലയെക്കുറിച്ചും ഒന്നും മനസ്സിലാക്കാതെ മറ്റുള്ളവരോട് നന്ദിയും സ്നേഹവും ഇല്ലാതെ എല്ലാവരോടും പക പിടിച്ചും പരിഭവിച്ചും തര്‍ക്കിക്കുന്നത് ഈ ആത്മാവിന്റെ ഭോഷ്കാണ്. ഇങ്ങനെയുള്ള ആത്മാവില്‍ വസിക്കുന്നവര്‍ക്ക് അതില്‍ നിന്നു സ്വയം മാറുവാന്‍ കഴിയുന്നില്ല. പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവുമായിരിക്കുന്ന യേശുക്രിസ്തു ഇങ്ങനെയുള്ളവരുടെ പാപം ഏറ്റെടുത്ത് പാപത്തിന്റെ ശിക്ഷയായിരിക്കുന്ന മരണം ക്രൂശില്‍ അനുഭവിച്ച് പാപത്തോടു നീതി പുലര്‍ത്തി ഉയിര്‍ത്തെഴുന്നേറ്റ് ജീവനോടും നീതി പുലര്‍ത്തിയ പരിശുദ്ധാത്മാവ് ഒരു വ്യക്തിയില്‍ വന്നാല്‍ മാത്രമേ ആ വ്യക്തിക്ക് സത്യത്തില്‍ എത്താന്‍ സാധിക്കുകയുള്ളു. ഇങ്ങനെയുള്ള ആത്മാവിനെ പ്രാപിക്കുന്നവര്‍ക്ക് തന്റെ ജീവന്റെ പുറകില്‍ കൊടുത്തിരിക്കുന്ന മറുവില ആരാണെന്നുള്ള അറിവ് ഉണ്ടാകുന്നു. ആ മറുവിലയോട് നന്ദിയുള്ളവരായി തീരുന്നു. ഇങ്ങനെ യേശുവിന്റെ കൃപയെ അംഗീകരിപ്പിച്ച് ഓരോ വ്യക്തികളേയും പൂര്‍ണ്ണരാക്കുന്ന രീതിയ്ക്കാണ് ക്രിസ്റ്റോതെറാപ്പി എന്നു പേരു കൊടുത്തിരിക്കുന്നത്.
Powered By:
Tisser Technologies LLP
© Copyright Christotherapy Mission Korah Jacob Foundation. All rights reserved