ക്രിസ്തുവിലൂടെ ദൈവാത്മാവിനെ പ്രാപിച്ച് മനുഷ്യരെ അവരുടെ ബലഹീനതകളില്‍ നിന്നും കുറവുകളില്‍ നിന്നും വിടുതല്‍ പ്രാപിപ്പിച്ച് പൂർണരാക്കുവാൻ കഴിയുമെന്ന് തന്റെ ശുശ്രൂഷയിലൂടെ തെളിയിച്ച വ്യക്തി ആണ് ആചാര്യന്‍ കോര ജേക്കബ്.
സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിതം നയിക്കുവാന്‍ ആഗ്രഹിച്ചിരുന്ന ആചാര്യന്‍ ദൈവ നിയോഗ പ്രകാരം ഇരുപത്തിയെട്ടാം വയസില്‍ ആത്മീയതയിലേക്കു തിരിഞ്ഞു. അതുവരെ ആത്മീയ ശുശ്രൂഷകന്‍ ആകുന്നതിനെക്കുറിച്ച ചിന്തിച്ചിട്ടുപോലുമില്ല. ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിലൂടെയുള്ള വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു എന്നല്ലാതെ മറ്റു അറിവുകള്‍ ഒന്നും തന്നെ അദ്ദേഹത്തിന് ഇല്ലായിരുന്നു
തന്റെ ഇരുപതാമത്തെ വയസ്സില്‍ തന്നെ പല തൊഴിലുകളിലും വ്യാപൃതനായി വ്യത്യസ്ത മേഖലകളിലൂടെയുള്ള പ്രസ്ഥാനങ്ങളും വ്യക്തികളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. സ്വന്തം നിലയിലും അല്ലാതെയും പല ജോലികളും ചെയ്ത് ഒരു നല്ല ഭൗതികനായി വളരെ സാധാരണക്കാരനായി മറ്റുള്ളവരെ സഹായിച്ചും സ്നേഹിച്ചും ജീവിക്കണമെന്ന് ആഗ്രഹിച്ചു ഫലമോ മറിച്ചായിരുന്നു .
തന്റെ ജീവിതം പരാജയപ്പെട്ട് , സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ട് , ദുഖിതനും നിരാശനും ഒന്നുമില്ലാത്തവനും ഒന്നിനും കഴിവില്ലാത്തവനും എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. സ്വന്തം കഴിവിലും നന്‍മ ചെയ്തും നല്ലവനാകാന്‍ ശ്രമിച്ചിട്ടും തീര്‍ത്തും പരാജയം സമ്മതിക്കേണ്ടിവന്നു.
ഇങ്ങനെ ജീവിതത്തില്‍ നേരിട്ട തകര്‍ച്ചയില്‍ നിന്നാണ് ആത്മീയതയിലേക്കു തിരിഞ്ഞത് . സ്വന്തമായി ജീവിക്കുവാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോള്‍, തന്റെ ജീവിതം അവസാനിച്ചു എന്ന് ഭാരപ്പെട്ടിരിക്കുമ്പോള്‍; പെറ്റതള്ള മറന്നാലും മറക്കാത്ത ദൈവസ്നേഹം ഇദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നു. ഒന്നുമില്ലാത്തവനായി, ഒന്നും അറിവില്ലാത്തവനായി,ഒന്നിനും കഴിവില്ലാത്തവനായിട്ടാണ് ആത്മീയതയിലേക്ക് തിരിഞ്ഞത്. ഇത് ഒരു സത്യാന്വേഷണം ആയിരുന്നില്ല. കടുത്ത നിരാശയില്‍ നിന്നും ഉടലെടുത്ത അന്വേഷണം എന്ന് പറയാം. അദ്ദേഹം മന:സമാധാനം അന്വേഷിച്ചു പല ക്രിസ്തീയ ശുശ്രൂഷകളിലും ആറ് വർഷക്കാലം പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തിരുന്നു. ഈ സമയത്താണ് ആത്മീയതയെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. അങ്ങനെ ഒരു ദൈവവിളി എന്നവണ്ണം സ്വന്തം നിലയില്‍ ശുശ്രൂഷ ചെയ്യുവാന്‍ നിയോഗിക്കപ്പെടുകയായിരുന്നു.
കോട്ടയത്ത് കുടമാളൂര്‍ പാലത്തിനോട് ചേര്‍ന്നിരിക്കുന്ന കെട്ടിടത്തില്‍ 1998 ജൂലൈ മാസം 8 - -ാം തീയതി ബുധനാഴ്ച ശുശ്രൂഷ ആരംഭിക്കുകയുണ്ടായി അനശ്ചിതത്വത്തിന്റെ നടുവില്‍ ആണ് അന്ന് ആ ശുശ്രൂഷ ആരംഭിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിന്റെയും , വിശ്വാസങ്ങളുടെ ആശയപരമായ സംഘര്‍ഷങ്ങളുടെയും നടുവില്‍ തനിക്കു ബോധ്യപ്പെട്ട ദൈവിക സത്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് മറ്റു പ്രസ്ഥാനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ അടിമപ്പെടാതെ ശുശ്രൂഷ നടത്തുക എന്നുള്ളത് സ്വന്തം ബുദ്ധിയില്‍ ആലോചിച്ചാല്‍ ഉത്തരമില്ലാത്ത ഒന്നായിരുന്നു.
എന്നാല്‍ തനിക്ക് ബോധ്യപ്പെട്ട സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് ശുശ്രൂഷ ചെയ്യുന്നതിനായി ശുശ്രൂഷയില്‍ സംബന്ധിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും നിർലോഭമായ പങ്കാളിത്തം ശുശ്രൂഷ മറ്റൊന്നിനും അടിമപ്പെടുത്താതെ നടത്തികൊണ്ടുവരുവാന്‍ കഴിഞ്ഞു.
അങ്ങനെ മൂന്നുവര്‍ഷത്തോളം കുടമാളൂരുള്ള ഭവനത്തില്‍ ശുശ്രൂഷ നടന്നു വരവേ പ്രസ്ഥാനത്തിന്റെ നിയമപരമായ നിലനില്പിനുവേണ്ടി 2000 -ാം ആണ്ട് ഏപ്രില്‍ മാസം 27 --ാം തീയതി ഒരു ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത് മാലത്തു ഇന്ന് ആയിരിക്കുന്ന സ്ഥലം വാങ്ങി .എന്നാല്‍ വീണ്ടും നാലുവര്‍ഷം കൂടെ കുടമാളൂരുള്ള ഭവനത്തില്‍ തന്നെ ശുശ്രൂഷ നടക്കുകയായിരുന്നു. ഇങ്ങനെ ഏഴ് വര്‍ഷക്കാലത്തെ ശുശ്രൂഷകളിലൂടെ ഉരുത്തിരിഞ്ഞ ദൈവിക പ്രവര്‍ത്തനങ്ങളും അനേകം മനുഷ്യ സമ്പത്തുമായി 2004 ജൂലൈ മാസം 28 --ാം തീയതി മാലത്തു ശുശ്രൂഷ ആരംഭിച്ചു . അങ്ങനെ അനന്തമായ ദൈവകൃപയാല്‍ നമുക്ക് അര്‍ഹത ഇല്ലാത്ത തരത്തില്‍ ഈ ശുശ്രൂഷ ഇന്ന് ആയിരിക്കുന്ന രൂപത്തിലും ഭാവത്തിലും സമൃദ്ധിയില്‍ എത്തിച്ചേരുവാന്‍ തക്ക വിധത്തില്‍ ദൈവം കരുണയും കൃപയും ചൊരിഞ്ഞിരിക്കുന്നു.
സ്വന്തം നിലയില്‍ ആത്മീയ ശുശ്രൂഷ ആരംഭിച്ച ആചാര്യന്‍ ശ്രീ കോര ജേക്കബ് തൻ്റെ വ്യക്തി ജീവിതത്തിനു പ്രാധാന്യം കൊടുക്കാതെ മറ്റുള്ളവരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ഒരു നിയോഗമായാണ് കണ്ടിരുന്നത്. വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ ജീവിതത്തെ ക്രിസ്തുവിലൂടെ ദൈവാത്മാവിനെ പ്രാപിപ്പിച്ച് പൂർണമാക്കാമെന്നു മനസ്സിലാക്കിയ ആചാര്യന്‍ തന്റെ രീതിക്ക് ' ക്രിസ്‌റ്റോതെറാപ്പി ' എന്നു പേരിട്ടു.
' ക്രിസ്‌റ്റോതെറാപ്പി ' എന്ന ശുശ്രൂഷയിലൂടെ ജീവിതം തകര്‍ന്നുപോയവരും , പ്രത്യാശ നഷ്ടപെട്ടവരുമായ അനേകരെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വരുന്നതിനും സാമൂഹികമായും സാമ്പത്തികമായും ഭൗതികമായും പലരെയും പൂര്‍ണപെടുത്തി യഥാസ്ഥാനപ്പെടുത്തുന്നതിനും ഇദ്ദേഹത്തിന് കഴിഞ്ഞു.ആചാര്യന്റെ ജീവിതമൂലധനം എന്നത് ദൈവകൃപയും കൃപാവരങ്ങളും അതിലൂടെ ലഭിച്ച അനേകരുടെ സ്നേഹ ബഹുമാനങ്ങളും കരുതലും മാത്രമാണ് . ഒന്നുമില്ലെങ്കിലും അനുഗ്രഹിക്കപെട്ടവനായി എല്ലാമുള്ളവനായി, ഒന്നുമില്ലാത്തവരെ എല്ലാമുള്ളവരാക്കി ദൈവത്തിന്റെയും , മനുഷ്യരുടെയും കൃപയില്‍ ജീവിക്കുന്നു. ദൈവം ദാനമായി ആത്മാവിനെ നല്‍കിയതുകൊണ്ടാണ് നാളയെകൊണ്ടെന്നല്ല അടുത്ത നിമിഷത്തെ കൊണ്ടുപോലും വിചാരപ്പെടാത്തവനായി ജീവിക്കുവാന്‍ കഴിയുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
തന്റെ പാപമുള്ള ശരീരത്തിനുപകരം ക്രിസ്തു യാഗമായി തീർന്ന് ക്രൂശു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ആത്മാവിനെ നല്‍കിയിരിക്കുന്നതുകൊണ്ട് തന്നില്‍ താന്‍ ജീവിക്കുന്നില്ല, ക്രിസ്തു ജീവിക്കുന്നു എന്നു വിശ്വസിക്കുന്നു . തന്റെ വ്യക്തി ജീവിതത്തിനു പ്രാധാന്യം കൊടുക്കാതെ മറ്റുള്ളവരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ഒരു നിയോഗമായിട്ടാണ് ആചാര്യന്‍ കരുതുന്നത്. കൃപയാല്‍ കൃപ പ്രാപിച്ചു , സ്വര്‍ഗീയ വിഷയമായി സമ്പന്നനായ ഇദ്ദേഹത്തിന് ശത്രു എന്നോ ,മിത്രം എന്നോ , സുഹൃത്ത് എന്നോ ബന്ധു എന്നോ സത് പ്രവർത്തിക്കാർ എന്നോ ദുഷ് പ്രവർത്തിക്കാർ എന്നോ വ്യത്യാസമില്ലാതെ സ്നേഹിപ്പാന്‍ കഴിയുന്നു. ആര്‍ക്കും സ്വകാര്യവത്കരിക്കാന്‍ കഴിയാത്ത വിധം സ്നേഹത്തിന്റെ ആഴവും , നീളവും, വീതിയും, വ്യാപ്തിയും ഉള്‍കൊണ്ട് നില്‍ക്കുന്ന ആചാര്യന്‍ താനുമായി ബന്ധപ്പെടുന്ന ആരിലും ജീവിച്ചു നിന്നുകൊണ്ടു തന്റെ ശുശ്രൂഷയുടെ സ്വരൂപം വെളിപ്പെടുത്തുന്നു .
സ്വകാര്യതകളോ, സ്വാർത്ഥതയോ എന്തെന്ന് അറിയാത്ത അദ്ദേഹത്തിന് മറ്റുള്ളവരുടെ സന്തോഷവും സമാധാനവും നിലനിൽപ്പുമാണ് ആനന്ദം. അങ്ങനെ തനിക്ക് ലഭിച്ച കൃപ മറ്റുള്ളവരുമായി പങ്കിട്ട് , ഓരോ മനുഷ്യരുടെയും ഹൃദയങ്ങളെ തന്നിലേക്ക് സ്വാധിനിച്ച് ആചാര്യന്‍ അദ്ദേഹത്തിന്റെ സ്നേഹ സാമ്രാജ്യം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു .
ഇങ്ങനെ ഒട്ടനവധി മനുഷ്യ സമ്പത്ത് അല്ലാതെ സ്വന്തമായി ഭൗതിക സമ്പത്ത് ഒന്നുമില്ലാത്ത ആചാര്യൻ തന്റെ കൃപ ആയാലും ഭൗതികമായി തനിക്ക് വന്നു ചേരുന്നത് എന്ത് തന്നെ ആയാലും ഈ സ്നേഹ സാമ്രാജ്യത്തിന്‍റെ കെട്ടു പണിക്കായി ഉപയോഗിക്കുന്നു. അതിന്റെ ഭാഗമായി നമ്മുടെ ആചാര്യന്‍ രൂപകല്‍പന ചെയ്ത് മനുഷ്യരാശിയുടെ ആത്മീയ വർദ്ധനയ്ക്ക് ഉതകുന്ന ഈ ശുശ്രൂഷയും ഈ പ്രസ്ഥാനവും ഇന്ന് ആയിരിക്കുന്ന നിലയില്‍ എത്തിച്ചേര്‍ന്നതാണ് ദൈവം നമ്മോട് ചെയ്ത ഏറ്റവും വലിയ സ്നേഹം.
Powered By:
Tisser Technologies LLP
© Copyright Christotherapy Mission Korah Jacob Foundation. All rights reserved